പുഴ-സ്വപ്നാന്തപ്പതിപ്പ്‌

ചേന്ദമംഗലം മുണ്ടുപോൽ നേർത്ത്‌
ചോർന്നൊലിച്ചോരണക്കെട്ടു നോക്കി
ചോലയാറിൻ കരയ്ക്കു നില്ക്കുമ്പോൾ
കാലിൽ നിന്നും പെരുത്തുകേറുന്നു....

മാരുതീവിലാസം ഹോട്ടലിൽ നാം
ചോറിനായ്‌ കാത്തിരിക്കുമ്പൊഴാകാം,
കക്കയം ക്യാമ്പു വീണ്ടും മനസ്സിൽ
ചുട്ടുനീറാൻ തുടങ്ങുമ്പൊഴാകാം,
കാട്ടിലൊന്നുണ്ടു മൂളുന്നുമോളെ
പാട്ടുപാടിയുറക്കുമ്പൊഴാകാം,
ബാറിനുള്ളിലേയ്ക്കോടുമ്പൊഴാകാം,
നൂലു പൊട്ടിക്കറങ്ങുമ്പൊഴാകാം,
പേററിയാത്ത പെൺകിടാവിന്റെ
നേരറിഞ്ഞവൻ പാടുമ്പൊഴാകാം,
വഞ്ചിയാത്രയ്ക്കൊരുങ്ങുമ്പൊഴാകാം,
ചെങ്കൊടികളുയർത്തുമ്പൊഴാകാം,
ശാസ്ത്രസാഹിത്യപുഷ്ടമാം പൂർണ്ണ-
സാക്ഷരത്വപ്പിറന്നാളിലാകാം,
ഭാവിരൂപങ്ങളൂറും മനസ്സിൻ
പാഠഭേദം കുറിക്കുമ്പൊഴാകാം,
ലോക കപ്പു നടക്കുമ്പൊഴാകാം,
പൂരമേളം കൊഴുക്കുമ്പൊഴാകാം,
കെട്ടിയാടിയ വേഷങ്ങൾ വീണ്ടും
ചുട്ടികുത്താൻ കിടക്കുമ്പൊഴാകാം......

ഒട്ടുനാൾ കൂടിയെല്ലാം ക്ഷമിച്ചാൽ
ഒക്കെയും ചെളിക്കുത്തൊഴുക്കായി-
ക്കിട്ടും...എന്നിതാ നർമ്മബോധത്തിൻ
പച്ച കൈവിട്ട കാടു കേറുന്നു
ജാലകങ്ങളടച്ചിട്ടു മാത്രം
നേരുപോൽ നഗ്നരായവർ നമ്മൾ.....

കാട്ടിലൊന്നുണ്ടു മൂളുന്നു വീണ്ടും,
കാത്തിരിപ്പിൻ സമയവും നാളും


പരോൾ


ഹരിതനീഡം
കൊഴിഞ്ഞു പോയെങ്കിലും
പ്രണയമൌലിക-
വാദം തുടര്‍ന്നു നാം,

ചിറകു വീശി-
പറന്നതാകാശവും
ഹൃദയവും കിളി-
ക്കൂട്ടവും ഓര്‍മ്മയും,
നരകമാണവി-
ശ്വാസപ്രമേയത്തില്‍
വിരല്‍ പതിച്ചതും
നമ്മെ ചതിച്ചതും,
വിഹിതമാകുന്നൊ-
രാലിംഗനത്തിലും
വികൃതമാകുന്നു
ചുംബനമെങ്കിലും
അകലെയില്ലാത്ത
മുന്തിരിത്തോപ്പിലും
സ്വഗതസഞ്ചാര-
മെത്തുന്നു നിര്‍ദ്ദയം,
അവിടെ നാരായ
വേരുകളാഴ്ത്തുക
അവിടെനിന്നു നാം
പൂക്കണ്ണി നീട്ടുക,
ഉടല്‍ പിഴിഞ്ഞു ഹാ!
മുന്തിരിച്ചാറിന്റെ
ലഹരി സന്ദര്‍-ശകര്‍ക്കായ്‌  കരുതുക,

പ്രണയമേ നമു-
ക്കിന്നുള്ള ഭൂമിക,
പ്രണയമേ നമു-
ക്കിന്നുള്ള ജീവിക,
എതിരു നിലക്കാത്ത
ലിംഗങ്ങള്‍ ഗൂഡമായ്,
സകലതും സമര്‍-
പ്പിക്കുന്ന സന്ധിയില്‍
അധികസാധകം
ചെയ്തവ,വല്‍സലം
പ്രതിഥരാഗം
ചുരത്തിതളര്‍ന്നവ,
മുലകള്‍,കണ്‍കളാല്‍
നോക്കുന്നു,പൊള്ളുന്നു,
പഴയകീര്‍ത്തനം
ദീപകം,ദുസ്സഹം,
ഇരുളിലാണ്‌ നാം,
വേര്‍പ്പില്‍ കുളിച്ചവര്‍,
ക്രമസമാധാന-
ശാന്തിയും കെട്ടവര്‍,
കിരണമേകമാ
ണെങ്കിലും ദൈവമേ
കനിയണേ,നിന-
ക്കെന്നു ഞാന്‍,പ്രാര്‍ഥനാ-
മുകുളമായ്‌ കൂമ്പി-
മുട്ടുകുത്തുന്നു നീ,
മിഴികള്‍ തോരാതെ,
പെയ്തു നില്‍ക്കുന്നു നീ,
ഇടതുപക്ഷ-
മാകുന്നു നീ,ഞാന്‍ നിന്റെ-
വലതുപക്ഷമായ്‌,
പാതിയായ്‌,അത്ഭുതം!
പുഴകള്‍ തന്‍ പൂര്‍വ്വ-
പുണ്യങ്ങള്‍ വേനലിന്‍-
ജടയില്‍നിന്നും
പിറക്കുന്നു ശാന്തമായ്‌,
പകുതി താഴും
പതാകയ്ക്കുമേല്‍ പടര്‍-
ന്നിളകിടുന്നു
കൊടിത്തലപ്പച്ചകള്‍,
അടിയില്‍ നില്‍പ്പാ-
ണധ:കൃതര്‍ തുമ്പകള്‍,
ബധിരമാകും
മുയല്‍ച്ചെവിക്കൂര്‍പ്പുകള്‍,
ശിഖമുറിയ്ക്കാതെ
ഇല്ലികള്‍,ദ്രാവിഡ-
പ്പെരുമതന്‍ ചുണ-
ച്ചൂരുമായ്‌ ചെട്ടികള്‍,
സമതലം കാത്ത
കൊലിന്നിലില്‍
മതവികാരം
വ്രണപ്പെട്ട ജാതികള്‍.
വിരഹമില്ലാത്ത
ജീവിതം,മൃത്യുവിന്‍
വരവിലും ബാക്കി-
വച്ചിടാം,യാത്രയില്‍-
ഒടുവിലത്രയ്ക്ക് തീവ്ര
വാദത്തിന്‍റെ
വിഘടന സ്വപ്ന-
മണ്ഡ‌ലാതിര്‍ത്തിയില്‍
വിമതെരെന്നു നാം
മുദ്ര കുത്തപ്പെടും,
അറവു മുട്ടി പോല്‍
കാലം ചിരിച്ചിടും
പഴയ പോല്‍ നീല-
വാഹനം നമ്മളെ
തടവറയ്ക്കുള്ളി-
ലാക്കിടാനെത്തിടും
ഇനിയൊരിയ്ക്കലും
ജാമ്യമില്ലെങ്കിലും,
സമര സത്യാ-
ഗ്രഹങ്ങളില്ലെങ്കിലും
മൃതിയില്‍ നിന്നും
കടഞ്ഞെടുക്കാം നമു-
ക്കമൃതമാകുന്ന
വാക്കും വിശുദ്ധിയും.
ഇലമുളച്ചിപോല്‍
രോമകൂപങ്ങളില്‍
മുളകള്‍ പൊട്ടട്ടെ
വാക്കുകള്‍,വിത്തുകള്‍,
അടിയിലേയ്ക്കാഴ്ന്നി-
റങ്ങിടുമ്പോള്‍ സ്നേഹ-
നിയമലംഘന-
മാകട്ടെ ദശനം

ചിറകൊതുക്കി-
തളര്‍ന്നിരിയ്ക്കുന്നതും
കിളികള്‍ ആകാശം
ഓര്‍മ്മകള്‍ ..എങ്കിലും
അഭിമുഖത്തിന്നു
കാക്കും നിലാവിന്‍റെ
തടവ്‌ ചാട്ടത്തില്‍
അത്ഭുതപ്പെട്ടു നാം,
അഭയമില്ലാത്ത
ദുസര്‍ഗ്ഗസന്ധിയില്‍
നരകയാത്ര-
യ്ക്കൊരുങ്ങി നില്‍ക്കുമ്പോഴും

പ്രണയമാകുന്നു
പ്രത്യയശാസ്ത്രവും
പ്രണയമാകുന്നു
ബോധവും ബാധയും,
പ്രണയമേ നമു-
ക്കിന്നുള്ള ബാധ്യത,
പ്രണയമേ നമു-
ക്കിന്നുള്ള സാധ്യത..!

ഇന്നത്തെ പരിപാടി

പതുക്കെ മുററത്തു

നടന്നു, ചമ്പകം
ചിരിച്ചതു കണ്ടു,
മകളുടെ സൈക്കിള്‍
കയറിച്ചത്തൊരു
തവളയെപ്രാന്ത-
നുറുമ്പുകള്‍ കെട്ടി-
വലിക്കുന്ന കണ്ടു,
അടുത്ത വീട്ടിലെ
ഗിരിരാജന്‍ കോഴി
പിടകളെക്കൊക്കി-
വിളിക്കുന്ന കേട്ടു.
ഇരുന്നൂറു മീററര്‍
തകര്‍ത്തോടിയെത്തി
പിലാവുളളക്കണ്ടി-
യുഷയ്ക്കു റെക്കോഡു
ലഭിച്ചതും, തൃശ്ശൂ-
രിടഞ്ഞ കൊമ്പനെ-
ത്തളച്ചതും, കുരു-
മുളകിനു വില
കുറഞ്ഞതും, തമിഴ്-
പുലികള്‍ മാങ്കുളം
പിടിച്ചതും, പാപ്പ
മടങ്ങിപ്പോയതും,
അതിര്‍ത്തിയിലൊരു
ഭടന്‍ മരിച്ചതും,
അജയ് ജഡേജയ്ക്കു
പനി പിടിച്ചതും
വരും ദിനങ്ങളില്‍
പ്രഭാതപത്രത്തില്‍
വരും വരുമെന്ന
പ്രതീക്ഷയും തോന്നി
……

പ്രിയപ്പെട്ട വിൻസെന്റ്

എന്റെ വിൻസെന്റ്! അതാ
നക്ഷത്ര രാത്രികൾ 
നിന്റെ മുഖം പകർ‌-
ത്തീടുന്നു നീലയിൽ;
കുന്നിൽ നിഴലുകൾ
മഞ്ഞും നിറങ്ങളും 
കൊണ്ട് ചെടികൾ,
മരങ്ങൾ, വിറയ്ക്കുന്ന
തെന്നലുമാണ്
വരയ്ക്കുന്നു പിന്നെയും.

ഇച്ഛയിൽ മഞ്ഞ
നിറഞ്ഞ പാടങ്ങളിൽ
കുത്തി വരച്ച
കുരിശിൻ വഴികളിൽ
ഒറ്റ വരയിൽ
ഒതുക്കുവാനാകാത്ത
യുക്തികൾ ചായം
കലക്കുമിടങ്ങളിൽ
എത്ര സഹിച്ചു നീ
ചിത്തഭ്രനത്തിന്നു-
മപ്പുറമെത്തി
തളർന്നുറങ്ങീടുവാൻ.

എന്തിനേക്കാളും
പരിശുദ്ധമാകുന്നു
നിന്റെ ഹൃദയസ
ന്താപങ്ങളൊക്കെയും;
സ്വന്തം പ്രണയ-
മെടുത്തു കൈവെള്ളയി-
ലേന്തി വിതുമ്പി-
ത്തകർന്നു പോകുമ്പൊഴും
നക്ഷത്ര രാത്രികൾ!
കത്തുന്ന പൂവുകൾ-
ക്കൊപ്പം ചുഴലി-
ച്ചുഴികൾക്കിടയിൽ നീ
ഒറ്റച്ചെവിയുമായ്,
കുന്തിരിക്കത്തിന്റെ
മുറ്റിയ ചാര-
നിറത്തിൽ കനലുപോൽ
സ്കെച്ചുകൾ; മുമ്പിൽ
കരിന്തിരി കത്തുന്നൊ-
രിത്തിരി വെട്ടം,
ഉരുളക്കിഴങ്ങുകൾ-
ക്കൊപ്പം വരണ്ട
തൊലിയുമായ് പച്ചയാ-
യെത്ര നിറങ്ങളി-
ലാറാടി നിന്നു നീ!
നക്ഷത്ര രാത്രികൾ!
ശൂന്യമാം ഹാളിലു-
ണ്ടെത്രയോ ഛായാ-
പടങ്ങൾ, ഒരു പാടു
ചട്ടയില്ലാത്ത
തലകൾ, പേരില്ലാതെ
ഭിത്തിയിൽ‌- കൺകൾ
തുറിച്ചു നോക്കുന്നതീ
ഭഗ്നഗോളത്തെ;
മറക്കുന്നതെങ്ങനെ?
ചാക്കു പുതച്ച്
നടന്നവർ, കൽക്കരി-
ക്കാട്ടിൽ വിശന്നു 
തളർന്നവർ- ആരിവർ?
ഇന്നിതാ നോക്കൂ
തുടരുന്നു പിന്നെയും
എന്റെയുള്ളിൽ ക്രൂര-
നക്ഷത്ര രാത്രികൾ!
എന്തിനെൻ വിൻസെന്റ്!
മനഹരമാകുന്ന
നിന്മുഖം ഭൂമി-
ക്കനർഹം അറിഞ്ഞു ഞാൻ.
 
(ഡോൺ മക്‌ലീഷിന്റെ പാട്ടിനോട് കടപ്പാട്)

എൽസി പറഞ്ഞു

നനുത്ത ഹൃദയത്തിന്‍ മിടിപ്പു പകര്‍ത്തിയ
കുറിപ്പു ദുരൂഹമാം ആഹ്ലാദം വിടര്‍ത്തുമ്പോള്‍
പച്ചയില്‍ക്കടും കരിംപച്ചയായ്‌ ഇലപ്പച്ച

ഇച്ഛയില്‍ സൗന്ദര്യത്തിന്‍ പച്ചയായ്‌ തത്തപ്പച്ച
വാക്കുകളെല്ലാം ജലച്ചായത്തിന്‍ സുതാര്യമാം
പച്ചയായ്‌ മഴച്ചാര്‍ത്തില്‍ ഇറങ്ങിക്കളിയ്ക്കുമ്പോള്‍
പണിയുന്നു ഞാന്‍ ഓര്‍മ്മയ്ക്കിടയ്ക്കു നിശ്ശൂന്യമായ്‌
നിറയുന്നതാമെന്റെ തരിശുനിലങ്ങളില്‍
പലതും - ദുഃഖം സ്വപ്നം പുഴതന്‍ സ്നേഹാവേശം
പകരംവെയ്ക്കാനൊന്നുമില്ലാത്ത നീലാകാശം

മഴനൂലുകള്‍ പൂക്കള്‍തുന്നിയ വൈകുന്നേരം
ഒരുനാള്‍ ഉടല്‍ക്കാടും കൈവിട്ട നിശാതാരം.
നെഞ്ഞുരുക്കത്താല്‍ ഭൂമി പൊള്ളുമ്പോള്‍ വെളുപ്പിന്‌
മഞ്ഞുതുള്ളികള്‍തൊട്ടു പുലരും പ്രണയവും
(മതി. നീര്‍മിഴിപോലെ പിടയും മത്സ്യത്തിനു
ക്ഷണികം സ്വതന്ത്രമാം അത്ഭുതാത്മാവിഷ്കാരം)

ആരുമേയറിയാതെ പതുങ്ങിപ്പതുങ്ങി ഞാന്‍
ആലിലവിറയാര്‍ന്ന വിരല്‍ത്തുമ്പുകള്‍ നീട്ടി
തൊടുവാനായുന്നേരം വരികള്‍ക്കിടയ്ക്കതാ
പിടിവിട്ടൊഴിയുന്നു തുമ്പിപോലിളംപച്ച.